ടിക് ടോക്കിന് പകരക്കാരനുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ്

ന്യൂഡല്‍ഹി: രാജ്യത്ത് ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ വീഡിയോകള്‍ പങ്കുവെയ്ക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളിലെ ക്യാമറയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന സൗകര്യമാണ്. ടിക് ടോക്കിലെ പോലെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാനും പശ്ചാത്തല ഗാനങ്ങളും ശബ്ദങ്ങളും ചേര്‍ത്ത് അവ രസകരമാക്കാനും റീല്‍സിലൂടെ ഉപയോക്താക്കള്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ ഓപ്ഷന്‍ തുറന്നാല്‍ റീല്‍സ് ഇവിടെനിന്ന് തിരഞ്ഞെടുക്കാനാകും.

റീല്‍സ് കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബ്രസിലീല്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് ഇന്‍സ്റ്റഗ്രാം റീല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

2019 നവംബറില്‍ പുറത്തിറക്കിയ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീല്‍സിന് ടിക് ടോക്കിന്റെ ജനകീയത നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. ടിക് ടോക്കിലുള്ള ഫീച്ചറുകളുടെ അഭാവമായിരുന്നു ഇതിന്റെ പ്രധാന കാരണം. എന്നാലിപ്പോള്‍ അപ്ഡേറ്റ് ചെയ്ത റീല്‍സ് ഫീച്ചര്‍ ആണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കുക.

Exit mobile version