100 കോടിയുടെ മാസ്‌കും സുരക്ഷാ ഉപകരണങ്ങളും നല്‍കി ടിക് ടോക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്. ഇന്ത്യയ്ക്ക് നൂറുകോടിയുടെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നാല് ലക്ഷം മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങളും രണ്ട് ലക്ഷം മാസ്‌കുകളുമാണ് ടിക് ടോക്ക് സംഭാവന ചെയ്യുന്നത്.

ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആവശ്യമായ മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും ലഭിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ടിക് ടോക് മെഡിക്കല്‍ രംഗത്തേയ്ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. വൈറസിനെതിരെ ഒരുമിച്ച് പോരാടാമെന്നും ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

‘പ്രതിരോധ മാര്‍ഗമായി ജനങ്ങള്‍ വീട്ടില്‍ത്തന്നെ ഇരിക്കുകയും സാമൂഹ്യ അകലെം പാലിക്കുകയുമാണ്. ജനങ്ങളെ സുരക്ഷിതരാക്കാന്‍ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്’, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ പിന്തുണയോടെ എല്ലാ ഗൈഡ്ലൈനുകളും പാലിച്ച് സുരക്ഷാ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.

Exit mobile version