ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങി; ഒടുവിൽ ആശുപത്രി കവാടത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ച് കൊവിഡ് ബാധിതൻ; ബംഗളൂരുവിലെ കണ്ണീർ കാഴ്ച

ബംഗളൂരു: കൊവിഡ് ബാധിച്ച് അസുഖം മൂർച്ഛിച്ച രോഗി ചികിത്സയ്ക്കായി വിവിധ ആശുപത്രികൾ കയറി ഇറങ്ങിയിട്ടിും ചികിത്സ കിട്ടാതെ ഒടുവിൽ ആശുപത്രി കവാടത്തിൽ മരിച്ചുവീണു. ബംഗളൂരുവിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച 48കാരനായ ഡിജെ ഹള്ളി സ്വദേശിയാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷവും നഗരത്തിലെ ഒരു ആശുപത്രിയിൽനിന്നും ചികിത്സ ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.

ഇവിടെ ഇത്രയും വലിയ സർക്കാർ ഉള്ളതിന്റെ അർത്ഥമെന്താണെന്ന് മരിച്ചയാളുടെ ഭാര്യ കണ്ണീരോടെ ചോദിക്കുന്നു. നാല് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച രോഗി. അസുഖം ബാധിച്ച തന്റെ ഭർത്താവിനെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതരോട് താൻ അപേക്ഷിച്ചെന്നും മൂന്ന് ദിവസമായി ഒരു ആശുപത്രിയിൽ കിടയ്ക്കക്കായി അലയുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ഭർത്താവിന് ഓക്‌സിജൻ കൊടുക്കാനുള്ള സംവിധാനമുള്ള ഒരു ആംബുലൻസ് പോലും ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം മരിച്ചത്. ഞാൻ എല്ലാ വലിയ ആശുപത്രികളിലും പോയെന്നും അവർ കൂട്ടിച്ചേർത്തു. ആകാശ് ആശുപത്രിയിലാണ് അവർ അവസാനമായി എത്തിയത്. ആ ആശുപത്രിയുടെ കവാടത്തിൽവെച്ചാണ് രോഗി മരിച്ചത്.

ആകാശ് ആശുപത്രിയിയിൽ ബെഡ് ഉണ്ടെന്നറിഞ്ഞാണ് ചെന്നതെന്നും എന്നാൽ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി തയ്യാറായില്ലെന്നും അവർ ആരോപിച്ചു. എന്നാൽ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ ആവശ്യമാണ്. നിലവിൽ ഒന്ന് പോലും ഒഴിവില്ലെന്ന് ആകാശ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. സമാന പ്രതികരണമാണ് മറ്റ് ആശുപത്രികളും നടത്തിയത്.

Exit mobile version