ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഫലപ്രദമോ…? മിന്നല്‍ പരിശോധന നടത്തേണ്ടി വരും; മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്

മുംബൈ: ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തേണ്ടി വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ താക്കീത്. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഫലപ്രദമല്ലെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ താക്കീത്. ഔറംഗബാദിലെ കൊാവിഡ് കേന്ദ്രങ്ങളെക്കുറിച്ചാണ് ഹൈക്കോടതി അന്വേഷിച്ചത്. സ്ഥിതി വളരെ ഗുരുതരമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ഇവിടെ ചുമതലയുള്ളവര്‍ തങ്ങളുടെ ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചാണ് കോടതി സര്‍ക്കാരിന് താക്കീത് നല്‍കിയിരിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ ചിലര്‍ പുറത്തുപോകുന്നതായും പലയിടങ്ങള്‍ സന്ദര്‍ശിക്കുന്നതായും അറിയുന്നു. ഫലപ്രദമായ മേല്‍നോട്ടം കാണുന്നില്ല. അത് ബന്ധപ്പെട്ടവരുടെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ ഗുരുതര സ്ഥിതി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ടവരുടെ വീഴ്ച ഉണ്ടായാല്‍ കൊവിഡ് പടരുന്നതിന് കാരണമാകും. മഹാരാഷ്ട്രയിലെ സ്ഥിതി ഇതിനകം ഗുരുതരമായതാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജോലികള്‍ ചെയ്യാത്തവരുണ്ട്. ഇതൊക്കെ സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

Exit mobile version