വീട്ടിലുണ്ടായിരുന്നത് മൂന്നുമാസം മുതല്‍ 90 വയസ്സ് വരെ പ്രായമുള്ളവര്‍, 17 പേരുള്ള കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്, ഒന്നിച്ച് പോരാടി ഒടുവില്‍ രോഗമുക്തി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച മൂന്നുമാസം മുതല്‍ 90 വയസ്സ് വരെ പ്രായമുള്ള 17 പേരുള്ള ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒടുവില്‍ രോഗമുക്തി. ഡല്‍ഹിയിലെ ഒരു കുടുംബത്തിലെ 11 പേരാണ് കോവിഡിനോട് പൊരുതി വിജയിച്ചത്. ജൂണ്‍ ആദ്യവാരത്തോടെ കുടുംബത്തിലെ എല്ലാവരും രോഗമുക്തരായി.

കുടുംബത്തിലെ മുകുള്‍ ഗാര്‍ഗ് എന്നയാള്‍ക്കായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ആ സമയത്ത് വീട്ടില്‍ മൂന്നുസഹോദരന്മാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായ മാതാപിതാക്കളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രോഗം കുടുംബാംഗങ്ങളെയും ബാധിക്കുമെന്ന കാര്യം മുകുളിന് ഉറപ്പായിരുന്നു.

കുടുംബാംഗങ്ങള്‍ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചെങ്കിലും ഒന്നിനുപിറകേ ഒന്നായി എല്ലാവരും അസുഖ ബാധിതരായി. ഏപ്രില്‍ അവസാനത്തിലാണ് മുകളിന്റെ അമ്മാവന്മാരില്‍ ഒരാള്‍ക്ക് തളര്‍ച്ചയും വിറയലും പനിയും തോന്നിയത്. ആദ്യമെല്ലാം സാധാരണ പനിയാണെന്നാണ് കുടുംബം കരുതിയത്.

എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അമ്മായിയായ അനിത അസുഖ ബാധിതയായി. പിന്നീട് മുകുളിന്റ മാതാപിതാക്കള്‍ക്കും പനി വന്നു. പതിയെ മുത്തശ്ശിക്കും. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുംബത്തിലെ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതില്‍ ഒരാള്‍ മുകുളിന്റെ 90 വയസ്സുള്ള മുത്തച്ഛനായിരുന്നു. വളരെക്കാലമായി കിടപ്പിലായിരുന്നു അദ്ദേഹം. 87 വയസ്സ് പ്രായമുള്ള മുത്തശ്ശി, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള 62കാരനായ അച്ഛന്‍, ഇതേ അസുഖങ്ങളുളള 60 കാരനായ അമ്മാവന്‍ എന്നിവരെയും കൊറോണ വൈറസ് ബാധിച്ചു.

വീടുതന്നെ ഒരു ക്ലസ്റ്ററായി മാറിയത് വളരെ പെട്ടെന്നാണ്. വീടിന് മുന്നില്‍ അധികൃതര്‍ ക്വാറന്റീന്‍ സ്റ്റിക്കര്‍ പതിച്ചു. പുറംലോകവുമായുള്ള എല്ലാ ബന്ധവും ഇല്ലാതായി. ആരെയെങ്കിലും നഷ്ടപ്പെടുമെന്ന് വരെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നുവെന്ന് മുകള്‍ പറയുന്നു.

മുകുളും സഹോദരങ്ങളും ചേര്‍ന്നാണ് കുടുംബാംഗങ്ങളെ മുഴുവന്‍ നോക്കിയത്. എന്നാല്‍ എവിടെ നിന്നാണ് അസുഖ ബാധയുണ്ടായതെന്ന സംശയത്തിലാണ് കുടുംബാംഗങ്ങള്‍. ആദ്യം അസുഖം സ്ഥിരീകരിച്ച അമ്മാവന്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന് പോയപ്പോഴായിരിക്കണം വൈറസ് ബാധയുണ്ടായതെന്ന് ഇവര്‍ കരുതുന്നു. എന്തായാലും കോവിഡിനോട് പൊരുതി വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍.

Exit mobile version