തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 60 മരണം; 4150 പേര്‍ക്ക് കൊവിഡ്; കേരളത്തില്‍ നിന്ന് എത്തിയവര്‍ക്കും രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ കേരളത്തില്‍ നിന്ന് റോഡുമാര്‍ഗം മടങ്ങിയെത്തിയവരാണ്. 24 മണിക്കൂറിനിടെ 60 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 1510 ആയി.

ഇന്ന് പുതുതായി 4150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 111151 ആയി ഉയര്‍ന്നു. നിലവില്‍ 46,860 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2186 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മൊത്തം കൊവിഡ് മുക്തരുടെ എണ്ണം 62,778 ആയി.

ആന്ധ്രയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ ആയിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 18,697 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,043 പേര്‍ വിവിധ ആശുപത്രികളില് ചികിത്സയിലുണ്ട്. 232 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version