മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മകന്‍ കൊവിഡ് ചികിത്സയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഗീതാ മോഹന്ദാസ് (50) ആണ് മരിച്ചത്. ഇവരുടെ മകന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. നേരത്തെ ഡല്‍ഹിയിലും ഒരു മലയാളി മരിച്ചിരുന്നു. രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്.

ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. ഡല്‍ഹിയില്‍ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 22,771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗികള്‍ 6,48,315 ആയി. ഇതുവരെ 18655 പേര്‍ മരിച്ചു. 442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

Exit mobile version