മാസ്‌ക് നിർബന്ധമാക്കിയതോടെ സ്വർണ്ണത്തിന്റെ മാസ്‌ക് ധരിച്ച് യുവാവ്

മാസ്‌ക് നിർബന്ധമാക്കിയതോടെ സ്വർണ്ണത്തിന്റെ മാസ്‌ക് ധരിച്ച് യുവാവ്; 2.8 ലക്ഷത്തിന്റെ മാസ്‌കിൽ സുരക്ഷ തേടി ശങ്കർ

പൂണെ: രാജ്യത്ത് കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി മാസ്‌ക് നിർബന്ധമാക്കിയതോടെ ഏറ്റവും വിലകൂടിയ മാസ്‌ക് തന്നെ സ്വന്തമാക്കി ഈ യുവാവ്. സ്വർണ്ണംകൊണ്ട് തീർത്ത മാസ്‌കാണ് ഈ യുവാവ് സ്വന്തമാക്കിയിരിക്കുന്നത്. പൂണെയിലെ ശങ്കർ കുരഡെ എന്ന യുവാവ് 2.89 ലക്ഷം വില വരുന്ന സ്വർണ്ണമാസ്‌കാണ് സ്വന്തമാക്കിയത്.

പൊതുവേ സ്വർണ്ണാഭരണങ്ങളോട് മമതയുള്ള ശങ്കർ മാസ്‌കിന്റെ കാര്യത്തിലും ഇതേവഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ശങ്കറിന്റെ കൈയിലും കഴുത്തിലും നിറയെ സ്വർണാഭരണങ്ങളാണ്. സാമൂഹിക മാധ്യമത്തിൽ ഒരാൾ വെള്ളിയിൽ തീർത്ത മാസ്‌ക് ധരിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സ്വർണ്ണമാസ്‌ക് സ്വന്തമാക്കണമെന്ന് ശങ്കറിന് തോന്നിയത്.

ഇത് ചെറിയ ദ്വാരങ്ങൾ ഉള്ള വളരെ കനംകുറഞ്ഞ മാസ്‌കാണ്. അതിനാൽ ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടില്ല. ഈ മാസ്‌ക് ധരിച്ചതുകൊണ്ട് പ്രയോജനമുണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും ശങ്കർ പറയുന്നു. കോലപുരിലെ ഒരാൾ വെള്ളി മാസ്‌ക് ധരിച്ചുനിൽക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടതോടെയാണ് മോഹമുദിച്ചതെന്ന് ശങ്കർ പറയുന്നു. ഒരു സ്വർണ്ണപണിക്കാരനോട് സംസാരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചര പൗണ്ട് വരുന്ന ഈ സ്വർണ മാസ്‌ക് അയാൾ തനിക്ക് സമ്മാനിച്ചെന്നും ശങ്കർ വിശദീകരിച്ചു.

ശങ്കറിന്റെ കുടുംബാംഗങ്ങൾ എല്ലാവരും സ്വർണ്ണം ഇഷ്ടപ്പെടുന്നവരാണ്. അവർ ഇതുപോലുള്ള ഒന്ന് വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അവർക്കും നിർമ്മിച്ചുകൊടുക്കുമെന്നും ഈ യുവാവ് പറയുന്നു.

Exit mobile version