തെരുവിൽ നിന്നും എടുത്തു സ്വന്തം കുഞ്ഞിനെ പോലെ വളർത്തിയ ഉടമയുടെ മരണത്തിന് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി വളർത്തുനായ

തെരുവിൽ നിന്നും എടുത്തു കുഞ്ഞിനെ പോലെ വളർത്തി; ഉടമ ആശുപത്രിയിലായതു മുതൽ ഭക്ഷണം നിരസിച്ചു; ഒടുവിൽ ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനവസാനിപ്പിച്ച് വളർത്തുനായ

കാൺപുർ: പലപ്പോഴും വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള ബന്ധം മനുഷ്യ ബന്ധങ്ങളേക്കാൾ അമ്പരപ്പിക്കുകയും ആഴത്തിൽ മനസിനെ തൊടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു വളർത്തുനായയുടേയും അതിന്റെ ഉടമയായ ഡോക്ടറുടേയും ഊഷ്മള ബന്ധത്തിന്റെ കഥ വലിയ ചർച്ചയാവുകയാണ്. ഉത്തർ പ്രദേശിൽനിന്നാണ് ഈ വാർത്ത പുറത്തുവരുന്നത്. ഉടമ മരിച്ചതിനു പിന്നാലെ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനവസാനിപ്പിച്ച നായയെ കുറച്ചാണ് വാർത്ത.

കാൺപുരിലെ ബാര2 ഏരിയയിൽ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളർത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളിൽ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാർട്ട്‌മെന്റിൽ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളർത്തുനായ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.

പന്ത്രണ്ട് വർഷം മുൻപ് തെരുവിൽനിന്നും പുഴുവരിച്ച നിലയിലാണ് ജയയെ ഡോ. അനിതയ്ക്ക് ലഭിച്ചത്. നായ്കുട്ടിയെ ഡോക്ടർ ഏറ്റെടുക്കുകയും ഏറെ ശ്രമപ്പെട്ട് ചികിത്സയും പരിചരണങ്ങളും നൽകി ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുകയും ചെയ്തു. ജയ എന്ന പേരു നൽകിയതും ഡോക്ടറാണ്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഡോക്ടർ അതിനെ വളർത്തിയതെന്ന് മകൻ തേജസ് പറയുന്നു.

വൃക്കരോഗത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയോടെ രോഗം മൂർച്ഛിക്കുകയും അവർ മരിക്കുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടർച്ചയായി കുരയ്ക്കുകയും ചെയ്തു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് ഓടിക്കയറി, താഴേയ്ക്കു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാലു നില കെട്ടിടത്തിനു മുകളിൽനിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ നായയുടെ നട്ടെല്ല് തകർന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിത ആശുപത്രിയിൽ ചികിത്സയിലായതു മുതൽ ശരിയായി ഭക്ഷണം കഴിക്കാതെ നായ ക്ഷീണിതയായിരുന്നു. ഡോ. അനിത രാജിന്റെ ശവസംസ്‌കാരത്തിനു പിന്നാലെ വളർത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.

Exit mobile version