നിരോധിച്ച ചൈനീസ് ആപ്പിൽ നിന്നും 599 രൂപ മടക്കി കിട്ടാൻ ശ്രമം നടത്തി; യുവതിക്ക് നഷ്ടമായത് 60,000 രൂപ!

ചെന്നൈ: കേന്ദ്ര സർക്കാർ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിൽ ഒന്നിൽ നിന്ന് തുണിത്തരം വാങ്ങാനായി അടച്ച തുക തിരിച്ചുവാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 60,000 രൂപ. ചൈനീസ് ഓൺലൈൻ വ്യാപാര ആപ്പായ ക്ലബ്ബ് ഫാക്ടറിയിൽ നിന്നാണ് 599 രൂപയുടെ വസ്ത്രം യുവതി ഓർഡർ ചെയ്തിരുന്നത്. ഇത് തിരിച്ചെടുക്കാൻ ശ്രമിച്ച ചെന്നൈ കൊരട്ടൂർ സ്വദേശി സെൽവറാണി(32)ക്കാണ് വൻതുക നഷ്ടമായത്. ഓർഡർ ചെയ്തുകഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ക്ലബ്ബ് ഫാക്ടറിയുമുള്ളത് യുവതി ശ്രദ്ധിച്ചത്.

അതോടെ ഓർഡർ റദ്ദാക്കി ആപ്ലിക്കേഷൻ ഫോണിൽനിന്ന് കളഞ്ഞു. ഓൺലൈനായി പണമടച്ചിരുന്നതിനാൽ അത് തിരിച്ചുലഭിക്കുന്നതിനായി കമ്പനിയുടെ കസ്റ്റമർകെയറിൽ വിളിച്ചു സഹായം തേടി. തുടർന്ന് മറ്റൊരു നമ്പറിൽ നിന്ന് യുവതിക്ക് ഫോൺകോളെത്തുകയായിരുന്നു. ക്ലബ്ബ് ഫാക്ടറിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ പണം തിരിച്ചുനൽകുന്നതിന് എന്ന വ്യാജേന കാർഡ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ഭർത്താവിന്റെ കാർഡ് വിവരങ്ങൾ യുവതി നൽകുകയുംചെയ്തു. എന്നാൽ തൊട്ടുപിന്നാലെ അക്കൗണ്ടിൽനിന്ന് ആറുതവണയായി പതിനായിരം രൂപ വീതം പിൻവലിച്ചെന്ന് ഫോണിൽ സന്ദേശമെത്തുകയായിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. അതോടെ സെൽവറാണി കൊരട്ടൂർ പോലീസിൽ പരാതി നൽകി. പോലീസ് സൈബർക്രൈം വിഭാഗത്തിന് പരാതി കൈമാറി.

Exit mobile version