താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ 820 ചരിത്ര സ്മാരകങ്ങള്‍ ജൂലൈ ആറുമുതല്‍ തുറക്കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള 820 മതകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ബാക്കിയുള്ള സ്മാരകങ്ങളും താമസിയാതെ വീണ്ടും തുറക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര വിനോദ – സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ആറുമുതല്‍ എല്ലാ സ്മാരകങ്ങളും മുന്‍കരുതലുകളോടെ വീണ്ടും തുറക്കാന്‍ കഴിയുമെന്ന് തീരുമാനിച്ചതായി പട്ടേല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങള്‍ തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്.

ആന്ധ്രാപ്രദേശിലെ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ തിരുമല തിരുപ്പതി ബാലാജി പോലുള്ള ക്ഷേത്രങ്ങള്‍ കഴിഞ്ഞ മാസം തുറന്നിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കിയതിനു ശേഷമാണ് ക്ഷേത്രം തുറന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ടാണ് ക്ഷേത്രം തുറന്നത്.

എന്നാല്‍, സ്‌കൂളുകള്‍, കോളേജുകള്‍, മെട്രോ ട്രയിനുകള്‍, സിനിമ ഹാളുകള്‍, നീന്തല്‍കുളങ്ങള്‍, ബാറുകള്‍, അസംബ്ലി ഹാളുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. പക്ഷേ, രാത്രികാല കര്‍ഫ്യൂവിന് ഇളവ് വരുത്തിയിട്ടുണ്ട്.

Exit mobile version