65 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പുകളിൽ 65 വയസ്സിനു മുകളിലുള്ളവർക്കും കൊവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ടിന് അനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊവിഡ് 19 ബാധ സ്ഥീരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും കൊവിഡ് രോഗം മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവർക്കാണെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിനു പിന്നിൽ. 80 വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സിൽനിന്ന് 65 വയസ്സാക്കി കുറയ്ക്കുന്ന നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിർദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.

പോളിങ് ബൂത്തിൽ എത്താൻ കഴിയാത്ത വോട്ടർമാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റൽ വോട്ടുകൾ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. ഇതിന് അർഹതയുള്ളവരെ വോട്ടർ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version