സിവിൽ സർവീസസ് പ്രിലിമിനറിയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും ഒക്ടോബർ നാലിന്; പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം

ന്യൂഡൽഹി: 2020ലെ യുപിഎസ്‌സി സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും ഒക്ടോബർ നാലിന് നടത്തുമെന്ന് അറിയിപ്പ്. ഉദ്യോഗാർഥികളുടെ എണ്ണക്കൂടുതലും പരീക്ഷാ കേന്ദ്രം സൗകര്യപ്രദമായ ഇടങ്ങളിലേക്കു മാറ്റണമെന്ന അപേക്ഷയും പരിഗണിച്ച് ഇതിന് അവസരം നൽകാനും യുപിഎസ്‌സി കമ്മീഷൻ തീരുമാനിച്ചു. സിവിൽ സർവീസസ് (മെയിൻ) പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാൻ അവസരം നൽകും.

പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാനുള്ള പ്രത്യേക ഓൺലൈൻ സംവിധാനം രണ്ടു ഘട്ടങ്ങളായാണു പ്രവർത്തിക്കുക. ജൂലൈ 7 മുതൽ 13 വരെയും (വൈകിട്ട് ആറു മണി), ജൂലൈ 20 മുതൽ 24 വരെയും (വൈകിട്ട് ആറു മണി) കമ്മീഷന്റെ upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം നൽകുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാകേന്ദ്രം ലഭ്യമാകുന്നത്.

ഒരു പരീക്ഷാ കേന്ദ്രത്തിന്റെ നിശ്ചിത സീറ്റുകൾ നിറഞ്ഞു കഴിഞ്ഞാൽ പിന്നീട് അവിടെ അപേക്ഷിക്കാനാവില്ല. അപേക്ഷകൾ പിൻവലിക്കാനുള്ള അവസരവുമുണ്ട്. കമ്മീഷൻ വെബ്‌സൈറ്റിൽ ആഗസ്റ്റ് 1 മുതൽ 8 വരെ ഇതിനുള്ള അവസരം ഉദ്യോഗാർത്ഥികൾക്കു ലഭിക്കും. ഒരിക്കൽ അപേക്ഷ പിൻവലിച്ചാൽ, ഭാവിയിൽ അത് ഒരു സാഹചര്യത്തിലും പുനഃപരിഗണിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

Exit mobile version