ഇന്ത്യയും ചൈനയും അതിർത്തിയിൽ നിന്നും സൈനികരെ പിൻവലിച്ചേക്കും; സൈനികതല ചർച്ചയിൽ ധാരണ

galwan valley1

ന്യൂഡൽഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിലെ സംഘർഷത്തിന് ഒടുവിൽ അയ്. അതിർത്തിയിലെ ചില സംഘർഷ മേഖലയിൽനിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച നിബന്ധനകളിൽ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായെന്ന് റിപ്പോർട്ട്. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലഡാക്കിലെ 14, 15, 17 പട്രോളിങ് പോയിന്റുകളിൽനിന്നുള്ള സൈനിക പിൻമാറ്റം സംബന്ധിച്ചാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്നത്. ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെ അതിർത്തിരേഖയിൽനിന്ന് നൂറിലധികം മീറ്ററുകൾ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാൻഗോങ് തടാക മേഖലയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പതിനാറാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങും തെക്കൻ ഷിൻജിയാങ് സൈനിക മേഖലാ കമാൻഡർ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ ചുഷുൽ ഔട്ട്‌പോസ്റ്റിലാണ് ചർച്ചകൾ നടന്നത്. ഗാൽവൻ താഴ്‌വരയിൽ നടന്ന സംഘർഷത്തെ തുടർന്ന് നടന്നുവന്ന മൂന്നാംഘട്ട ചർച്ചയായിരുന്നു ഇത്. ചർച്ചയിലുണ്ടായ ധാരണകൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

നേരത്തെ ജൂൺ 22ന് രാവിലെ 11.30 മുതൽ രാത്രി 10.30 വരെ നീണ്ട ചർച്ചയിൽ ഗാൽവൻ താഴ്‌വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളിൽനിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായിരുന്നു. ചൈനയെ വിശ്വസിച്ച് ഇന്ത്യ സൈന്യത്തെ പിൻവലിച്ചുതുടങ്ങിയെങ്കിലും ചൈന കൂടുതൽ സ്ഥലങ്ങളിൽ കടന്നുകയറി സൈനികവിന്യാസവും നിർമ്മാണവും നടത്തിയിരുന്നു. ഇതേതുടർന്നാണ് വീണ്ടും ചർച്ചവെച്ചത്.

Exit mobile version