മാസ്‌ക് ധരിക്കാത്തത് ചൂണ്ടിക്കാണിച്ചു; ജീവനക്കാരിയെ തല്ലി മേലുദ്യോഗസ്ഥൻ; ഒടുവിൽ നടപടി

നെല്ലൂർ: മാസ്‌ക് ധരിക്കാത്തത് ചൂണ്ടിക്കാണിച്ചതിന് കീഴുദ്യോഗസ്ഥയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥൻ. ആന്ധ്രാപ്രദേശിലെ നെല്ലൂർ ടൂറിസം ഡിപാർട്‌മെന്റിന് കീഴിലുള്ള ഓഫീസിലാണ് സംഭവം. മർദ്ദനമേറ്റത് ഭിന്നശേഷിക്കാരിയായ ജീവനക്കാരിക്കാണ്. ഓഫീസിൽ മാസ്‌ക് ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥനോട് മാസ്‌ക് ധരിക്കണമെന്ന് ജീവനക്കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

ഓഫീസിനുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരിയെ മുടിയ്ക്ക് പിടിച്ച് താഴെ വലിച്ചിട്ട ശേഷം മരത്തടിക്ക് സമാനമായ ദണ്ഡ് ഉപയോഗിച്ച് ഭാസ്‌ക്കർ എന്ന ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്റെ ക്രൂരത കണ്ട് പിടിച്ചുമാറ്റാൻ മറ്റൊരു ജീവനക്കാരൻ എത്തിയെങ്കിലും ഇയാൾ പിൻമാറിയില്ല. നിലത്തുവീണു കിടക്കുന്ന യുവതിയെ തലങ്ങും വിലങ്ങും അടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിന്നീട് മറ്റൊരു ജീവനക്കാരൻ കൂടി എത്തി ഇയാളുടെ കയ്യിൽ നിന്നും വടി പിടിച്ചുവാങ്ങുകയും ഇയാളെയും കൂട്ടി ഓഫീസിന് പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. ആന്ധ്രാപ്രദേശിലെ ടൂറിസം ഡിപാർട്‌മെന്റിന് കീഴിലുള്ള ഹോട്ടലിലെ മാനേജരാണ് ഭാസ്‌ക്കർ. ഓഫീസിൽ മാസ്‌ക് ധരിക്കാതെ എത്തുന്ന ഇയാളോട് യുവതി മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.

വീഡിയോയിലും ഇയാൾ മാസ്‌ക് വെച്ചതായി കാണുന്നില്ല. വിഷയത്തിൽ ജീവനക്കാരിയുടെ പരാതി നൽകിയതിന് പിന്നാലെ ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോലീസ് അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് നിർബന്ധമാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര. ഓഫീസുകളിലും മറ്റും എത്തുന്ന ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്ന നിർദേശം സർക്കാർ നൽകിയിട്ടുമുണ്ട്.

Exit mobile version