രാജ്യത്തെ ഇന്ധന വിലവര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല; വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനവ് സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തുടര്‍ച്ചയായ 21 ദിവസമാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. വില വര്‍ധനവില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

ദേശീയ, ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് ലോകമെമ്പാടുമുള്ള ഇന്ധന ആവശ്യകതയെയും വിതരണത്തെയും ബാധിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആവശ്യത്തില്‍ 70 ശതമാനത്തിന്റെ കുറവുണ്ടായി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ആവശ്യം സാധരണനിലയിലേക്ക് വരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടുത്തിടെയുണ്ടായ പെട്രോള്‍, ഡീസല്‍ വില വര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല.

ഒരു കുടുംബത്തില്‍ പ്രശ്നം വരുമ്പോള്‍ ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വ്യക്തി ശ്രദ്ധയോടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ധന വില വര്‍ദ്ധന ഇതുപോലെ കാണണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. ഇന്ധന നികുതിയിലൂടെ സ്വരൂപിക്കുന്ന അധിക പണം ആരോഗ്യം, തൊഴില്‍, രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് കീഴിയില്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി വിവിധ പദ്ധതികളിലൂടെ തങ്ങള്‍ 1,70,000 കോടി നല്‍കി. പണം അവരുടെ ബാങ്കുകളില്‍ നിക്ഷേപിച്ചു. ആറ് മാസം സൗജന്യ റേഷന്‍ നല്‍കി. മൂന്ന് മാസത്തേക്ക് സൗജന്യ പാചക വാതക സിലിണ്ടുറുകള്‍ നല്‍കി. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിനും പാവപ്പെട്ടവരുടെ ക്ഷേമം മനസ്സിലാക്കാനാവില്ല.

Exit mobile version