ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ടുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഒപ്പം വിവാദവും.

ഹെല്‍മറ്റോ മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്സണില്‍ ഇരുന്ന് ജസ്റ്റിസ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. നാഗ്പൂരില്‍ വെച്ച് എടുത്ത ചിത്രമാണ് വിവാദത്തിലായത്. കൊവിഡിനെ തുടര്‍ന്ന് രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു ഫോട്ടാ ഷൂട്ട്.

ബൈക്കുകളോട് തനിക്കുള്ള പ്രിയം നേരത്തെ തന്നെ തുറന്നുപറഞ്ഞ ആളാണ് എസ്എ ബോബ്ഡെ. ഹാര്‍ലി ഡേവിഡ്സണ്ണിന്റെ ലിമിറ്റഡ് എഡിഷനായ സിവിഒ 2020 മോഡലിലാണ് ചീഫ് ജസ്റ്റിസ് ഇരുന്നത്. നാഗ്പൂരിലെ ബിജെപി നേതാവായ സൊമ്പ മുസാലെയുടെ മകന്‍ രോഹിത് സൊമ്പാജി മുസാലെയുടെ ബൈക്കിലാണ് വിവാദ ഫോട്ടോ ഷൂട്ട് നടത്തിയത്.

അതേസമയം ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരെ ട്വിറ്ററില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നിയമങ്ങള്‍ക്ക് പാവപ്പെട്ടവര്‍ക്ക് മാത്രമാണോ ബാധകമെന്നും നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങളെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

Exit mobile version