‘സൊമാറ്റൊ ഇന്ത്യ വിടണം’: ചൈനീസ് നിക്ഷേപം സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ച് ഒരു കൂട്ടം ഡെലിവറി ജീവനക്കാർ

കൊൽക്കത്ത: ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്ക് സംഘർഷത്തിന് പിന്നാലെ രാജ്യത്തുടനീളം നടക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ബഹിഷ്‌കരണത്തിന് ആക്കം കൂടിയിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ ഓൺലൈൻ ഭക്ഷണ വിതരണ ശ്യംഖലയായ സൊമാറ്റൊയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാർ ജോലി ഉപേക്ഷിച്ചു. കമ്പനിയിലെ ചൈനീസ് നിക്ഷേപത്തിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.

ഈ സംഭവം കൊൽക്കത്തയിലാണ് നടന്നത്. ദക്ഷിണ കൊൽക്കത്തയിലെ ബെഹല പോലീസ് സ്‌റ്റേഷന് പുറത്ത് തങ്ങൾക്ക് കമ്പനി നൽകിയ യൂണിഫോം കത്തിച്ച് ഒരു കൂട്ടം ഡെലിവറി ജീവനക്കാർ പ്രതിഷേധിച്ചു. ചൈനീസ് ഏജന്റായ സൊമാറ്റൊ ഇന്ത്യ വിടണമെന്ന് ഇവർ മുദ്രാവാക്യം വിളിച്ചു.

ത്രിവർണ്ണ ബാൻഡ് കൈയിൽ അണിഞ്ഞായിരുന്നു യുവാക്കളുടെ പ്രതിഷേധം. ‘ചൈനീസ് കമ്പനിയായ ആലിബാബയുമായി സൊമാറ്റൊ പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഞങ്ങൾ സൊമാറ്റൊ വിട്ടു. ഉപഭോക്താക്കൾ ഈ കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ പ്രതിഷേധക്കാരിലൊരാളായ ദിപങ്കർ കാഞ്ചിലാൽ പറഞ്ഞു.

Exit mobile version