വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി; കോവിഡ് കെയര്‍ സെന്ററിന് 50 ബെഡുകളും ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കി മാതൃകയായി നവദമ്പതികള്‍

വാഷി: കോവിഡ് കാലത്ത് വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കി, കോവിഡ് പ്രതിരോധത്തില്‍ അണിചേര്‍ന്ന് മാതൃകയായി നവദമ്പതികള്‍. മഹാരാഷ്ട്രയിലെ എറിക് ലോബോയും മെര്‍ലിന്‍ ടുസ്‌കാനോയുമാണ് ലളിതമായി വിവാഹം നടത്തി വാഷിയിലുള്ള കോവിഡ് കെയര്‍ സെന്ററിന് 50 ബെഡുകള്‍ നല്‍കി മാതൃകയായത്.

ജൂണ്‍ 20നാണ് എറിക് ലോബോയും മെര്‍ലിന്‍ ടുസ്‌കാനോയും വിവാഹിതരായത്. പ്രദേശത്തെ പള്ളിയില്‍ വെച്ച് ലളിതമായ രീതിയില്‍ ആയിരുന്നു വിവാഹച്ചടങ്ങുകള്‍. പള്ളിയിലെ വിവാഹത്തിനു ശേഷം ഐസൊലേഷന്‍ സെന്ററിന് കിടക്കകളും പുതപ്പുകളും തലയണകളും നല്‍കുകയായിരുന്നു. കോവിഡ് സെന്ററുകള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടി കൈമാറുമെന്നും മെര്‍ലിന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ തുടങ്ങിയ കാലം മുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ സ്ഥലങ്ങളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ഒരുക്കുക, പൊതുഅടുക്കളകള്‍ ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും സജീവമായിരുന്നു.

Exit mobile version