ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപണി തടഞ്ഞു; നേപ്പാളിന്‍റെ നടപടിയില്‍ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

പട്ന: ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാള്‍ രംഗത്ത്. ഗന്ദകി അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണി തടഞ്ഞാണ് നേപ്പാള്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്.

വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് അണക്കെട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ പോലീസ് തടഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പ്രതികരിച്ചു. ഗന്ദകി അണക്കെട്ടിന്‍റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാല്‍ കനത്ത മഴയില്‍ ഗന്ദകി നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ എഞ്ചിനീയര്‍മാരും ജില്ലാ കളക്ടറും നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. പ്രശ്നം സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍, ബിഹാറിലെ പ്രധാന ഭാഗങ്ങള്‍ വെള്ളത്തിലാകുമെന്നും സഞ്ജയ് ഝാ ആവര്‍ത്തിച്ചു.

Exit mobile version