മാസ്‌ക് ധരിക്കാതെ മന്ത്രിസഭാ യോഗത്തിനെത്തി; 200 രൂപ പിഴ അടച്ച് മന്ത്രിയും

അഹമ്മദാബാദ്: കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ച് മന്ത്രിയും. ഗുജറാത്തിലെ കായികമന്ത്രി ഇശ്വര്‍ സിന്‍ഹ് പട്ടേല്‍ ആണ് മാസ്‌ക് ധരിക്കാത്തതിന് 200 രൂപ പിഴ അടച്ചത്.

മാസ്‌ക് ധരിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. മന്ത്രി മാസ്‌ക് ധരിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത് ചില പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭാ യോഗത്തിന് എത്തിയ ബാക്കിയുള്ള എല്ലാ മന്ത്രിമാരും മാസ്‌ക് ധരിച്ചിരുന്നു. കായികം, യുവജനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ഇശ്വര്‍ സിന്‍ഹ്.

വാര്‍ത്താ ചാനലുകള്‍ ഈ വീഴ്ച ചൂണ്ടി കാണിച്ചതിന് പിന്നാലെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മന്ത്രിക്ക് 200 രൂപ പിഴ ചുമത്തി. മന്ത്രിസഭാ യോഗത്തിനു ശേഷം പിഴ ഒടുക്കിയ മന്ത്രി പിഴ അടച്ചതിന്റെ രസീത് മാധ്യമങ്ങളെ കാണിച്ചു. അശ്രദ്ധ കൊണ്ട് സംഭവിച്ച പിഴവാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

‘മാസ്‌ക് ധരിക്കാത്തതിന് പിഴയായി 200 രൂപ അടച്ചു. എല്ലാ സമയത്തും ഞാന്‍ മാസ്‌ക് ധരിക്കാറുണ്ട്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് മറന്നുപോയതാണ്. താമസിയാതെ തന്നെ എന്റെ തെറ്റ് ഞാന്‍ മനസിലാക്കി’ – മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് ഇതുവരെ 1,534 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.

Exit mobile version