‘പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും’, തൊപ്പിയും വെച്ചു, ഫോട്ടോയും എടുത്തു, ഒടുവില്‍ പോലീസും പിടിച്ചു

ചെന്നൈ: പോലീസ് സ്‌റ്റേഷനിലെത്തി അവിടെ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പോലീസ് തൊപ്പി എടുത്ത് തലയില്‍വെച്ച് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മയിലാടുതുറൈ മണല്‍മേട് സ്വദേശിയായ ശിവ(24)യാണ് പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഒരു കേസിന്റെ ആവശ്യത്തിനാണ് ശിവ മണല്‍മേട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. അപ്പോഴാണ് മേശപ്പുറത്ത് പോലീസ് തൊപ്പി കണ്ടത്. തൊപ്പി വച്ച് ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ നിറയെ ലൈക്ക് കിട്ടുമെന്ന് ശിവ വിചാരിച്ചു.

തുടര്‍ന്ന് പോലീസുകാരുടെ കണ്ണുവെട്ടിച്ച് അവിടിരുന്ന തൊപ്പി കൈക്കലാക്കി വിവിധ പോസുകളില്‍ ഫോട്ടോയെടുത്തു. ഇതുപിന്നീട് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു. ‘പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ശിവ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പിന്നീട്, സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ സെല്‍ഫിയെടുത്തും ഇയാള്‍ ഫേസ്ബുക്കിലിട്ടു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മണല്‍മേട് പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. മയിലാടുതുറൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.

Exit mobile version