ഗുജറാത്തില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

കച്ച്: ഗുജറാത്തില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാജ്കോട്ട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് 82 മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഞായറാഴ്ച രാത്രിയിലും ഗുജറാത്തിലെ രാജ്കോട്ടിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഭൂചലനങ്ങള്‍ അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ട്, കച്ച്, പത്താന്‍ ജില്ലാ കളക്ടര്‍മാരെ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ഭൂകമ്പ സാധ്യത വളരെ കൂടുതലായതിനാല്‍ തന്നെ ഗുജറാത്ത് വളരെ ജാഗ്രതയിലാണ്. 2001 ജനുവരി 26ന് ഭുജിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ മരിക്കുകയും 1.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Exit mobile version