പെന്‍ഷന്‍ വാങ്ങാന്‍ നേരിട്ടെത്തണമെന്ന് ബാങ്ക്; കിടപ്പിലായ 120കാരിയായ അമ്മയെ കട്ടിലോടെ വലിച്ച് കൊണ്ടുപോയി 70കാരി മകള്‍, വീഡിയോ വൈറല്‍

ഭുവനേശ്വര്‍: പെന്‍ഷന്‍ തുക വാങ്ങുന്നതിന് നേരിട്ട് 120 വയസ്സുള്ള മാതാവിനെ നേരിട്ട് ഹാജരാക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ കണിശത്തില്‍ വലഞ്ഞ് 70കാരി മകള്‍. ഒടുവില്‍ കിടപ്പിലായ അമ്മയെ കട്ടിലോടെ വലിച്ച് കൊണ്ടുപോയാണ് ഈ മകള്‍ പരിഹാരം കണ്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒഡീഷയിലെ നൗപഡ ജില്ലയിലാണ് മനുഷ്യത്വ രഹിതമായ സംഭവം നടന്നത്.

അമ്മ നേരിട്ടെത്തിയാല്‍ മാത്രമേ പെന്‍ഷന്‍ തുക നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് 70 വയസ്സുള്ള ലാബേ ബാഗലിന് കടുംകൈ ചെയ്യേണ്ടി വന്നത്. അമ്മയുടെ പേരില്‍ ബാങ്കിലുള്ള പെന്‍ഷന്‍ തുകയായ 1500 രൂപ പിന്‍വലിക്കുന്നതിന് ബാങ്കിലെത്തിയ ലാബേ ബാഗലിനോട് അമ്മ നേരിട്ടെത്താതെ പണം പിന്‍വലിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇതിനായി അമ്മയെ ബാങ്കില്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, 120 വയസ്സുള്ള അമ്മയ്ക്ക് ബാങ്കിലെത്താനാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വൃദ്ധയായ ലാബേ ബാഗലിന് അമ്മയെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അമ്മ കിടന്നിരുന്ന കട്ടില്‍ റോഡിലൂടെ വലിച്ചുകൊണ്ടു പോയതെന്ന് ലാബേ പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ഇവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് സ്ഥലം എംഎല്‍എ അധിരാജ് പാണിഗ്രാഹിയും പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടതായും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രായാധിക്യമുള്ളവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.

Exit mobile version