മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് ലക്ഷണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: പനിയും ജലദോഷവും മാത്രമല്ല പൊടുന്നനെ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള രോഗലക്ഷണങ്ങളുടെ പട്ടികയിലാണ് ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ മറ്റ് ഒമ്പത് ലക്ഷണങ്ങള്‍ ഉള്ളവരില്‍ കോവിഡ് പരിശോധിക്കണം എ
പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, ജലദോഷം, തൊണ്ടവേദന, അതിസാരം എന്നിവയായിരുന്നു നേരത്തെ പറഞ്ഞ ലക്ഷണങ്ങള്‍.

കോവിഡ് ചികിത്സക്ക് വിധേയരാകുന്ന രോഗികളില്‍ പലരും മണവും രുചിയും നഷ്ടമായതായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നുണ്ട്. ജൂണ്‍ 11 വരെയുള്ള രാജ്യത്തെ കോവിഡ് രോഗികളുടെ പ്രധാന ലക്ഷണങ്ങള്‍ തരം തിരിച്ച് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കും അനുഭവപ്പെട്ട ലക്ഷണം പനിയാണ്(27%). 21 ശതമാനം പേര്‍ക്കും ചുമയും പത്ത് ശതമാനം പേര്‍ക്ക് തൊണ്ടവേദനയും എട്ട് ശതമാനത്തിന് ശ്വാസം മുട്ടലും ഏഴ് ശതമാനത്തിന് തളര്‍ച്ചയും മൂന്നു ശതമാനത്തിന് മൂക്കൊലിപ്പും അനുഭവപ്പെട്ടു.

അതേസമയം, മണവും രുചിയും പെട്ടെന്ന് നഷ്ടപ്പെടുന്നതിന് കാരണം കോവിഡ് മാത്രമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന നിര്‍ദ്ദേശങ്ങളും വിദഗ്ധരില്‍ നിന്നും ഉയരുന്നുണ്ട്. ഫ്ളുവോ ഇന്‍ഫ്ളുവന്‍സയോ പിടിപെട്ടാലും പെട്ടെന്ന് രുചിയും മണവും നഷ്ടപ്പെടാറുണ്ട്. എങ്കിലും ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടെത്താന്‍ സഹായിക്കാറുണ്ടെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.

Exit mobile version