പ്രശസ്ത ഉറുദു കവി ഗുല്‍സാര്‍ ദേഹ്ലവി അന്തരിച്ചു, അന്ത്യം കൊറോണ ഭേദമായി വീട്ടിലെത്തി ഒരാഴ്ചക്കുള്ളില്‍

ന്യൂഡല്‍ഹി: പ്രശസ്ത ഉറുദു കവി ആനന്ദ് മോഹന്‍ സുത്ഷി ഗുല്‍സാര്‍ ദേഹ്ലവി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രോഗം ഭേദമായി വീട്ടിലെത്തി ഒരാഴ്ചക്കുള്ളിലാണ് അന്ത്യം.

ജൂണ്‍ ഒന്നിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഏഴിന് രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി, തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ ആയിരുന്നു മരണം സംഭവിച്ചത്.

ഉറുദു കവിയെന്ന നിലയില്‍ വളരെ പ്രശസ്തനാണ് ആനന്ദ് മോഹന്‍ സുത്ഷി ഗുല്‍സാര്‍ ദേഹ്ലവി. ഉറുദു ഭാഷയുടെ വളര്‍ച്ചയ്ക്കും പ്രചാരത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ദേഹ്ലവിയുടേത്. അദ്ദേഹത്തിന്റെ കവിതകളും ഗസലുകളും ഏറെ പ്രശസ്തമാണ്.

ആദ്യ ഉറുദു ശാസ്ത്രമാസികയായ ‘സയന്‍സ് കി ദുനിയ’യുടെ പത്രാധിപരുമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉറുദു സ്‌കൂളുകള്‍ സ്ഥാപിച്ച അദ്ദേഹം മതസൗഹാര്‍ദത്തിന്റെ വക്താവായി നിലകൊണ്ട വ്യക്തിത്വമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ദേഹ്ലവി ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് അകന്നു.

Exit mobile version