സ്‌കൂളിലെ അധ്യയന ദിനങ്ങള്‍ 100 ആയി ചുരുക്കിയേക്കും, സിലബസും കുറച്ചേക്കും; നിര്‍ദേശം തേടി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസും പ്രവൃത്തി സമയവും കുറച്ചേക്കും. ഇത് സംബന്ധിച്ച് അധ്യാപകരോടും വിദ്യാഭ്യാസ വിദഗ്ധരോടും അഭിപ്രായം അറിയിക്കാന്‍ മാനവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിശാങ്ക് ആവശ്യപ്പെട്ടു. മന്ത്രിയുടെയോ, മന്ത്രാലയത്തിന്റെയോ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ അഭിപ്രായം അറിയിക്കാം.

ജൂലൈ പകുതി വരെ സ്‌കൂള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ചുവരികയാണ്. കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങള്‍ അടുത്തആഴ്ച പുറത്തിറക്കും. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലെ സ്‌കൂള്‍ എജ്യൂക്കേഷന്‍ സെക്രട്ടറി അനിത കര്‍വാല്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

അധ്യയന ദിനങ്ങള്‍ 220 ല്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഓരോ അധ്യയന വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയേക്കും.

Exit mobile version