രാജ്യത്ത് ആരാധനാലയങ്ങള്‍ തുറന്നു, വിശ്വാസികള്‍ ഒഴുകിയെത്തി തുടങ്ങി, കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി രാജ്യത്തെ ആരാധനാലയങ്ങള്‍ തുറന്നു. മാസങ്ങള്‍ക്ക് ശേഷം ആരാധനാലയങ്ങള്‍ തുറന്നതോടെ ഭക്തജനങ്ങളും എത്തിത്തുടങ്ങി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്കിയിരിക്കുന്നത്.

സുരക്ഷാമനാദണ്ഡങ്ങളോടെയാണ് വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുക. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വാസികള്‍ സ്പര്‍ശിക്കാന്‍ പാടില്ല. മാസ്‌കുകള്‍ ധരിച്ചവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ. ആരാധനാലയങ്ങളിലെല്ലാം സാനിറ്റൈസര്‍ നിര്‍ബന്ധമാണ്.

ഉത്തരാഖണ്ഡില്‍ കണ്ടെയ്‌ന്മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ ആരാധനാലയങ്ങള്‍ തുറക്കാം. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്‌ണോവദേവി ക്ഷേത്രവും തുറന്നു. പക്ഷെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. ഡല്‍ഹിയിലെ വേളാങ്കണ്ണി ആരാധനാലയത്തില്‍ സാമൂഹിക അകലം പാലിക്കാനായി നിലത്ത് പ്രത്യേകം അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ലഖ്‌നൗ പള്ളിയില്‍ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. ആരാധനാലയം തുറന്ന ആദ്യദിവസം തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചു.

Exit mobile version