സർക്കാർ ജോലിക്കായി സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്തി; സമ്മതംമൂളി അമ്മയും സഹോദരനും; ഞെട്ടലിൽ നാട്ടുകാർ

ഹൈദരാബാദ്: സർക്കാർ ജോലിക്കായി സ്വന്തം അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തെലഹ്കാനയിലെ ഒരു മകൻ. സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്തിയാൽ അതേ ജോലി തനിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുവാവ് ക്രൂരകൃത്യം ചെയ്തത്. അമ്മയുടെയും സഹോദരന്റെയും പൂർണ്ണസമ്മതത്തോടെയായിരുന്നു കൊലപാതകം.

തെലങ്കാനയിലെ കോതൂർ ഗ്രാമത്തിലാണ് സംഭവം. മേയ് 26-ന് രാത്രിയാണ് ഉറങ്ങുന്നതിനിടെ 25 കാരനായ മകൻ 55 വയസ്സുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ചിലർ പോലീസിനെ വിവരമറിയിച്ചതോടെയാണ് ക്രൂരകൊലപാതകം പുറംലോകമറിഞ്ഞത്.

പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയതോടെ കൊലപാതകം തെളിയികുയായിരുന്നു. ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സർക്കാർ സർവീസിൽ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്തമകൻ പോലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പോളി ഡിപ്ലോമക്കാരനായ മൂത്ത മകന് സർക്കാർ ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതംമൂളി. ഇവരുടെ അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാൾ സമ്മതിച്ചു.

സംഭവത്തിൽ മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്.

Exit mobile version