മാനേജര്‍ക്ക് രുചിയുള്ളതും തനിക്ക് തരുന്നത് പഴകിയതും രുചിയും ഇല്ലാത്ത ഭക്ഷണം; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വെയ്റ്റര്‍, അറസ്റ്റ്

താനെ: രുചികരമല്ലാത്ത ഭക്ഷണം നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വെയ്റ്റര്‍. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദാരുണമായി കൊല്ലപ്പെട്ട ഹരീഷ് ഷെട്ടി, നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹം ഹോട്ടലിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ശബരി ബാര്‍ റസ്റ്റാറന്റിലെ ജീവനക്കാരാണ് ഇവര്‍. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കല്ലു പൂനെയിലെ മറ്റൊരു ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. പുനെയിലെത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മാനേജറായ ഹരീഷ് സ്വയം നല്ല ഭക്ഷണം കഴിക്കും. എന്നാല്‍ ജോലിക്കാരനായ തനിക്ക് രുചിയില്ലാത്തും പഴയതുമായ ഭക്ഷണമാണ് നല്‍കുക.

ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ക്ലീനറായി ജോലി ചെയ്യുന്ന പണ്ഡിറ്റും മാനേജറുടെ ഭാഗം ചേര്‍ന്നു. തുടര്‍ന്ന് ഇരുവരെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇരുവരും ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയതെന്നും കല്ലു പറയുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹങ്ങള്‍ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു.

Exit mobile version