ആനയോടുള്ള അരുംക്രൂരത: പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിനസുകാരന്‍

ഹൈദരാബാദ്: പടക്കം നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, ആനയോട് ഇത്തരത്തിലൊരു ക്രൂരത കാണിച്ചവരെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി.

മൃഗസ്‌നേഹിയായ ബിടി ശ്രീനിവാസ് എന്നയാളാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. നഗരത്തിലെ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ബിസിനസുകാരനായ ഇയാള്‍. പ്രതിയെ കണ്ടെത്തുന്നയാള്‍ക്ക് കേരളത്തില്‍ നേരിട്ടെത്തി തന്നെ തുക കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്.

മിണ്ടാപ്രാണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ കുറിച്ചറിഞ്ഞ് വളരെയധികം ദുഃഖം തോന്നിയെന്ന് ശ്രീനിവാസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ പ്രതികളെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളില്‍ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്- ശ്രീനിവാസ് പറഞ്ഞു. ക്രൂരതയുടെ അങ്ങേയറ്റമാണിതെന്നും അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version