തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 2,550 വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വിലക്ക് 10 വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2,550 വിദേശികള്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര്‍ ബ്രിട്ടീഷ് പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാര്‍ക്കും വിലക്കുണ്ട്.

ലോക്ക്ഡൗണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്ലീഗി ജമാഅത്ത് തലവന്‍ മൗലാന സാദ്, അദ്ദേഹത്തിന്റെ മകന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 960 വിദേശ തബ്ലിഗി അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെയാണ് 2,550 വിദേശികള്‍ക്ക് കൂടി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. ഇതേതുടര്‍ന്നാണ് നടപടി. ഫോറിനേഴ്‌സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഏകദേശം 9,000 ആളുകളാണ് ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തത്.

Exit mobile version