കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ നാട്ടുകാരുടെ ആക്രമണം; പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കൾ ഓടി രക്ഷപ്പെട്ടു; ഒടുവിൽ ചിതയൊരുക്കി അധികൃതർ

ജമ്മു: കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയയാളുടെ മൃതദേഹത്തെ പോലും ഉപദ്രവിച്ച് ചിലർ. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ സമീപവാസികൾ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാതികത്തിയ മൃതദേഹവുമായി കുടുംബത്തിന് ഓടിരക്ഷപ്പെടേണ്ടിവന്നു. ഒടുവിൽ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വേറൊരിടത്ത് ശവസംസ്‌കാരം നടത്തി.

ജമ്മു ദോഡ സ്വദേശിയായ 72കാരന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം. ജമ്മുമേഖലയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ഇദ്ദേഹം. ജമ്മു മെഡിക്കൽ കോളേജിൽ തിങ്കളാഴ്ചയാണ് 72കാരൻ മരിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കുകയായിരുന്നു.

ഇതിനിടെയാണ് ചിത കത്തിത്തുടങ്ങിയപ്പോഴേക്കും നാട്ടുകാർ സംഘടിതരായി വന്ന് ആക്രമണം അഴിച്ചുവിട്ടത്. പരേതന്റെ അടുത്തബന്ധുക്കളും ഭാര്യയും രണ്ടുമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്ലുംവടികളുമായി വന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടേണ്ടിവന്നെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞു. പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. കൂടെവന്ന ഉദ്യോഗസ്ഥർ അപ്രത്യക്ഷരായി. എന്നാൽ ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ആത്മാർത്ഥമായി സഹകരിച്ചു അദ്ദേഹം പറഞ്ഞു.

പിന്നീട് കനത്ത സുരക്ഷയിൽ, ഭഗവതി നഗറിലുള്ള ശ്മശാനത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്‌കാരം നടന്നു. സ്വന്തംജില്ലയായ ദോഡയിലേക്കു മൃതദേഹംകൊണ്ടുപോകാൻ അനുമതിതേടിയെങ്കിലും ഇവിടെത്തന്നെ സംസ്‌കരിക്കാൻ അധികൃതർ നിർബന്ധിക്കുകയായിരുന്നു.

Exit mobile version