കൊറോണ വ്യാപനം തുടരുന്നു, മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരം, രോഗബാധിതരുടെ എണ്ണം 72,300 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം തുടരുന്നു. 72,300 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂൂറിനിടെ 103 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ 2287 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞ ദിവസം 1109 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 49 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, നഗരത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 41986 ആയി ഉയര്‍ന്നു. മരണസംഖ്യ 1368 ആണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ശമനമില്ലാതെ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നത് സര്‍ക്കാരിനേയും ജനങ്ങളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

അതേസമയം, സംസ്ഥാനത്ത് 1225 പേര്‍ കഴിഞ്ഞദിവസം മാത്രം രോഗമുക്തി നേടി ആശുപത്രി വിട്ടത് നേരിയ ആശ്വാസമായി. ഇതുവരെ 31333 പേര്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പിന്റെ കണക്കുകള് വ്യക്തമാക്കുന്നു.

Exit mobile version