പ്രതിസന്ധിയിലായ വിമാനക്കമ്പനികൾക്ക് ഇരുട്ടടി; വിമാന ഇന്ധനവില 50 ശതമാനം വർധിപ്പിച്ചു

flight

ന്യൂഡൽഹി: ലോക്ക്ഡൗണും കൊവിഡ് വ്യാപനവും കാരണം കനത്ത നഷ്ടം നേരിടുന്ന വിമാനക്കമ്പനികളുടെ നട്ടെല്ലൊടിച്ച് ഇന്ധന വില വർധന. വിമാന ഇന്ധന വിലയിൽ 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ ഒന്നോടു കൂടി നിരക്ക് വർധന പ്രാബല്യത്തിൽ വന്നു.

മേയ് മാസത്തിൽ വിമാന ഇന്ധനത്തിന് 22,544 രൂപയായിരുന്നു കിലോലിറ്ററിന് ഉണ്ടായിരുന്നത്. ഇതാണ് ജൂൺ മാസത്തിൽ 33,575 രൂപയായി വർധിച്ചത്. 11,031 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡൽഹിയിലെ വിലയാണ് 33,575. കൊൽക്കത്തയിൽ 38,543 രൂപയാണ് കിലോ ലിറ്ററിന്. മുംബൈയിൽ 33070 രുപയുമാണ് വിമാന ഇന്ധനത്തിന് വില.

പാചകവാതകം, പെട്രോളിയം എന്നിവയ്‌ക്കൊപ്പം വിമാന ഇന്ധനത്തിനും എണ്ണ കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കാറുണ്ട്. ലോക്ക്ഡൗൺ കാരണം ഇന്ധന വിലവർധനവിന് താൽക്കാലിക തടയിട്ടിരുന്ന എണ്ണക്കമ്പനികൾ ലോക്ക്ഡൗൺ നാലാംഘട്ടം അവസാനിച്ചതോടെ ഇന്ധന വില പുതുക്കുകയായിരുന്നു. പാചകവാതകത്തിന്റെ വിലയിലും 11 രൂപയോളം വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്.

Exit mobile version