കൊവിഡ്: വെന്റിലേറ്റർ നിർമ്മാണത്തിന് നാസ മൂന്ന് ഇന്ത്യൻ കമ്പനികളെ തെരഞ്ഞെടുത്തു

വാഷിങ്ടൺ: കൊവിഡ് ചികിത്സയ്ക്ക് ഏറെ ആവശ്യമുള്ള വെന്റിലേറ്ററുകൾ ഏറ്റവും ചെലവു കുറഞ്ഞരീതിയിൽ നിർമ്മിക്കുന്ന മൂന്ന് ഇന്ത്യൻ കമ്പനികളെ നാസ തെരഞ്ഞെടുത്തു. ആൽഫ ഡിസൈൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, മേധ സെർവോ ഡ്രൈവെസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് തെരഞ്ഞെടുത്തതെന്ന് യുഎസ് സ്‌പേസ് ഏജൻസി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

വൈറ്റൽ എന്നു വിളിക്കപ്പെടുന്ന ഹൈപ്രഷർ വെന്റിലേറ്റർ ഒരു പരമ്പരാഗത വെന്റിലേറ്ററിന്റെ ഏഴിലൊന്ന് ഭാഗങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ളവയാണ്. ഗുരുതരമായ കൊവിഡ് ലക്ഷണങ്ങൾ ഉള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള താങ്ങാവുന്നതും ലളിതവുമായ ഒന്നാണ് ഇത്. പരമ്പരാഗത വെന്റിലേറ്ററുകളെ അതിഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സിക്കുന്നതിനായി മാറ്റിവെയ്ക്കാനും സാധിക്കും.

ഫീൽഡ് ആശുപത്രികളിൽ ഉപയോഗിക്കാൻ സാധിക്കുംവിധം സൗകര്യപ്രദമായ രീതിയിലാണ് ഇവയുടെ നിർമ്മാണമെന്ന് നാസ പറഞ്ഞു. ഈ വെന്റിലേറ്ററിന്റെ പേറ്റന്റും സോഫ്‌റ്റ്വെയറും സ്വന്തമാക്കിയിരിക്കുന്നത് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ദ ഓഫീസ് ഓഫ് ടെക്‌നോളജി ട്രാൻസ്ഫർ ആൻഡ് കോർപറേറ്റ് പാർട്ടണർഷിപ്‌സ് ആണ്. നാസ ഇതുവരെ 21 കമ്പനികളെയാണ് വെന്റിലേറ്റർ നിർമ്മാണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

Exit mobile version