തിരിഞ്ഞുനോക്കാതെ കേന്ദ്രം; അന്യനാട്ടിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ വിമാന സൗകര്യം ഒരുക്കി ജാർഖണ്ഡ്; കൈയ്യടി

റാഞ്ചി: ജമ്മു കാശ്മീരിലെ ലേയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ജാർഖണ്ഡ് സർക്കാർ വിമാനസൗകര്യം ഒരുക്കി. രാജ്യത്ത് ആദ്യമായാണ് കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒരു സംസ്ഥാന സർക്കാർ വിമാനസൗകര്യം ഒരുക്കുന്നത്. വിമാനത്തിൽ ഡൽഹിയിലെത്തുന്ന തൊഴിലാളികളെ ബസുകളിൽ റാഞ്ചിയിലെത്തിക്കും. ഇതിന്റെ ഭാഗമായി 60 തൊഴിലാളികൾക്കായി മുഖ്യമന്ത്രി ഹേമന്ത് സോറൻ വിമാനം ബുക്ക് ചെയ്തു. ഇതോടെ വ്യോമമാർഗത്തിലൂടെ തൊഴിലാളികളെ സ്വദേശത്ത് തിരികെയെത്തിക്കുന്ന ആദ്യസംസ്ഥാനമായി ജാർഖണ്ഡ് മാറി.

ലേയിലെ ബതാലിക്കിൽ റോഡുകളുടെ നിർമാണപ്രവർത്തനത്തിനെത്തിയ തൊഴിലാളികൾക്ക് ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്കുള്ള മടക്കയാത്ര അസാധ്യമായിരുന്നു. തൊഴിൽ നഷ്ടമായതോടെ ജീവിതവും വഴിമുട്ടിയ ഇവർ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചു. രണ്ട് മാസത്തിലേറെയായി തൊഴിലാളികൾ ദുരിതത്തിലാണെന്നറിഞ്ഞ സോറൻ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തി.

ലഡാക്ക്, ആൻഡമാൻ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ മടക്കിയെത്തിക്കാൻ വിമാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേമന്ത് സോറൻ കേന്ദ്രത്തിനും ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചിരുന്നു. എന്നാൽ കത്തുകൾക്ക് മറുപടി ലഭിച്ചില്ല. തുടർന്ന് മെയ് 25 ന് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചതോടെ തൊഴിലാളികൾക്കായി സംസ്ഥാനസർക്കാർ വിമാനം ബുക്ക് ചെയ്യുകയായിരുന്നു. തൊഴിലാളികൾക്ക് പ്രാഥമിക മെഡിക്കൽ പരിശോധന ഉറപ്പുവരുത്തി. എട്ട് ലക്ഷത്തോളം രൂപയാണ് വിമാനയാത്രയ്ക്കായി സംസ്ഥാനസർക്കാർ നൽകിയത്.

Exit mobile version