ആൾത്തിരക്കിൽ യാത്ര ചെയ്യാൻ താൽപര്യമില്ല; 180 സീറ്റുള്ള വിമാനത്തിൽ നാലുപേർക്ക് യാത്ര ചെയ്യാൻ 10 ലക്ഷം മുടക്കി ഈ കുടുംബം

ന്യൂഡൽഹി: 180 സീറ്റുള്ള വിമാനം ചാർട്ട് ചെയ്ത് നാലു പേരടങ്ങിയ കുടുംബത്തിന്റെ ആഡംബര വിമാനയാത്ര. 180 സീറ്റിന്റെ വിമാനം ചാർട്ട് ചെയ്തത് 10 ലക്ഷം രൂപ മുടക്കിയാണ്. എയർബസ് എ320യാണു ഈ കുടുംബം ബുക്ക് ചെയ്തത്. യുവതി, രണ്ടു മക്കൾ, മുത്തശ്ശി എന്നിവരാണ് യാത്രികർ. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ട് 10.30 ഓടെ ഭോപ്പാലിൽ എത്തുകയായിരുന്നു. നാലു പേരുമായി 11.30 ഓടെ യാത്ര തിരിച്ച് 12.55 ഓടെ ഡൽഹിയിൽ തിരിച്ചെത്തുകയും ചെയ്തു.

ആഭ്യന്തര വിമാനസർവീസ് പുനരാരംഭിച്ചതോടെ ഒട്ടേറെ ആളുകളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്വദേശത്തേക്കു മടങ്ങുന്നത്. അതേസമയം, സമ്പന്നരായ പലരും ആൾക്കൂട്ടം ഒഴിവാക്കി തനിച്ച് യാത്ര ചെയ്യുന്നതിനാണ് താൽപര്യപ്പെടുന്നതെന്ന് വ്യോമ ഉദ്യോഗസ്ഥർ പറയുന്നു. വിമാനങ്ങൾ ചാർട്ടു ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേർ അന്വേഷണവുമായി എത്തുന്നുണ്ട്. ഇന്ധനവില കുറവായതിനാൽ ആകർഷകമായ വിലയിൽ യാത്ര നൽകാൻ കമ്പനികൾക്കു കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

എ320 ചാർട്ടേഡ് വിമാനത്തിന് ഒരു മണിക്കൂറിന് നാലു മുതൽ അഞ്ചു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. ഇന്ധനവിലയെ അടിസ്ഥാനപ്പെടുത്തി നിരക്കിൽ മാറ്റം വരാം. ഡൽഹി-മുംബൈ- ഡൽഹി വിമാനം 16-18 ലക്ഷം രൂപയാണ് ഈടാക്കുന്നത്. കൊമേഴ്‌സ്യൽ രാജ്യാന്തര വിമാനസർവീസുകൾ നിർത്തുന്നതിന് ഒരു ദിവസം മുൻപ് യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്ക് മൂന്നു പേരുമായെത്തിയ ചാർട്ടേഡ് വിമാനം 80 ലക്ഷം രൂപ ഈടാക്കിയതായിട്ടാണു വിവരം.

Exit mobile version