സോഷ്യല്‍മീഡിയയിലൂടെ യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തി; യുവാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതിഥി തൊഴിലാളിയെ സംബന്ധിച്ച ഫേസ്ബുക്കില്‍ പോസ്റ്റിലെ കമന്റില്‍ ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഐപിസി 124-എ (രാജ്യദ്രോഹം), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 188 (പൊതുസേവകനായ വ്യക്തി പ്രഖ്യാപിച്ച ഉത്തരവിനോട് അനുസരണക്കേട്), 66 (ഐടി നിയമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അനൂപ് സിംഗ് എന്നയാള്‍ക്കെതിരെ കേസെടുത്തത്. പ്രയാഗ്‌രാജ് സ്വദേശിയായ രാജേഷ് കുമാര്‍ ശുക്ല എന്നയാളുടെ പോസ്റ്റിന് താഴെ യോഗി ആദിത്യനാഥിനോട് അനാദരവ് കാണിക്കുന്ന വിധത്തില്‍ അനൂപ് സിംഗ് അഭിപ്രായ പ്രകടനം നടത്തി എന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്.

‘എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി വധ്ര ഉത്തര്‍പ്രദേശിലെ ബസുകള്‍ വാടകയ്ക്ക് എടുക്കാത്തത്, എന്ന് എനിക്ക് മനസ്സിലാകുന്നില്ല.’ ഇതായിരുന്നു രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് അനൂപ് സിംഗ് കമന്റ് രേഖപ്പെടുത്തിയത്.

Exit mobile version