‘സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു’ : യോഗി ആദിത്യനാഥ്

ലഖ്‌നൗ : വിഡി സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നുവെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അര്‍ഹതപ്പെട്ട ബഹുമാനം കോണ്‍ഗ്രസ് സവര്‍ക്കറിന് നല്‍കിയില്ലെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ യോഗി പറഞ്ഞു.

“രാജ്യത്തെ ഏത് പ്രതിസന്ധിയും പരിഹരിക്കാന്‍ സവര്‍ക്കറുടെ പാത പിന്തുടര്‍ന്നാല്‍ മതിയാകും. രാജ്യം സ്വതന്ത്രമാകണമെന്ന ഒരേയൊരു ലക്ഷ്യമേ സവര്‍ക്കറിനുണ്ടായിരുന്നുള്ളൂ. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞ് വെച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് കേട്ടിരുന്നെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു. വിപ്ലവകാരി, എഴുത്തുകാരന്‍, തത്വചിന്തകന്‍, കവി തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിഭയായ സവര്‍ക്കറെ കോണ്‍ഗ്രസ് നിരന്തരം അപമാനിച്ചു. പാകിസ്താനെന്നത് യാഥാര്‍ഥ്യമല്ലെന്നും പക്ഷേ ഇന്ത്യ എന്നും അവിടെത്തന്നെയുണ്ടാകുമെന്നുമാണ് സവര്‍ക്കര്‍ പറഞ്ഞത്”. യോഗി പറഞ്ഞു.

ഒരു വ്യക്തി അദ്ദേഹത്തിന്റെ മരണത്തിന് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍ അദ്ദേഹം സാധാരണ മനുഷ്യനല്ലെന്ന സാമൂഹിക നേതാവ് റാം മനോഹര്‍ ലോഹ്യയുടെ വാക്കുകള്‍ കടമെടുത്ത യോഗി മൃതിയടഞ്ഞതിന് 56 വര്‍ഷങ്ങള്‍ക്കിപ്പുറവും നാം സവര്‍ക്കറെ ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം മഹാനായ വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ സവർക്കറെക്കുറിച്ചുള്ള പുസ്തകവും യോഗി പ്രകാശനം ചെയ്തു.

Exit mobile version