സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങി കേന്ദ്രം; ആദ്യം ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് മാത്രം ക്ലാസ്

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള മുതിർന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്‌കൂളിലെത്തുക. മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ നിർദേശങ്ങൾ പാലിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എൻസിഇആർടിയും ചർച്ചകൾ നടത്തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്.

ആറ് മുതൽ 10 വയസുള്ള അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് മന്ത്രാലയവൃത്തങ്ങൾ പറയുന്നത്. അതേസമയം മുതിർന്ന കുട്ടികൾക്ക് ഉടനടി ക്ലാസുകൾ ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിർദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങൾ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങൾക്ക് പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും സ്‌കൂളുകൾക്ക് സമയം നൽകിയേക്കും.

രണ്ടു വിദ്യാർത്ഥികൾ ആറടി അകലത്തിൽ ഇരിക്കണം. ഇത് പാലിക്കുമ്പോൾ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. ഓരോ ക്ലാസുകളും 15 മുതൽ 20 വിദ്യാർത്ഥികൾ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടു വരുമെന്നും എൻസിആർടിയുടെ കരട് മാർഗ നിർദേശത്തിൽ പറയുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. ഒരു മിശ്രിത പഠനരീതിയാകും നടപ്പിലാക്കുക. സ്‌കൂളുകളിൽ വെച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാർത്ഥികൾക്ക് വീടുകളിൽ വെച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകൾ നൽകും.

എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌ക് നിർബന്ധമാക്കും. തുടക്കത്തിൽ ഉച്ചഭക്ഷണം സ്‌കൂളുകളിൽ ഉണ്ടാകില്ല. വീട്ടിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെടും. ആദ്യ കുറച്ചു മാസങ്ങളിൽ രാവിലത്തെ അസംബ്ലിക്ക് വിലക്കേർപ്പെടുത്തും. സ്‌കൂൾ കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകളുണ്ടാകും.

രക്ഷിതാക്കളെ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിക്കില്ല. കുട്ടികൾ വരുന്നതിന് മുമ്പായും പോയതിന് ശേഷവും നിലവും സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം. തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്.

Exit mobile version