ലോക്ക് ഡൗൺ ലംഘിച്ച് ആളെക്കൂട്ടി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി; കേക്കും മുറിച്ചു; പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾദൈവത്തിനെതിരെ കേസ്

ന്യൂഡൽഹി: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി വിവാദ ആൾദൈവത്തിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. തെക്കൻ ഡൽഹിയിലെ ശനിധാം ക്ഷേത്രത്തിൽ തന്റെ അനുനായികൾക്ക് ഒപ്പം ഒത്തുകൂടിയതിനാണ് വിവാദ ആൾദൈവം ദാത്തി മഹാരാജിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത് ഗുരുതര നിയമലംഘനമാണെന്ന് പോലീസ് പറഞ്ഞു. ആൾദൈവത്തിനൊപ്പമുണ്ടായിരുന്ന അനുയായികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ദാത്തി മഹാരാജും അനുയായികളും ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുകയും പ്രാർത്ഥന സംഘടിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആൾദൈവം കേക്ക് മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. തുടർന്ന് ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.

തന്റെ കീഴിലുള്ള സ്‌കൂളിലെ മുൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ് ദാത്തി മഹാരാജ്. ഈ കേസിൽ 2018 ഒക്ടോബറിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഡൽഹി ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. അതേവർഷം തന്നെ ആൾദൈവം ഈ കേസിൽ ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

Exit mobile version