സ്വിഗ്ഗിയും സൊമാറ്റോയും മദ്യം വീടുകളില്‍ എത്തിക്കും; ഹോം ഡെലിവറിയ്ക്ക് അനുമതി നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

റാഞ്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും സൊമാറ്റോയ്ക്കും മദ്യം വീടുകളിലെത്തിക്കാന്‍ അനുമതിയായി. ജാര്‍ഖണ്ഡ് സര്‍ക്കാറില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷമാണ് വ്യാഴാഴ്ച മുതല്‍ റാഞ്ചിയില്‍ മദ്യവിതരണം ആരംഭിക്കുന്നതെന്ന് സ്വിഗ്ഗിയും സൊമാറ്റോയും അറിയിച്ചു.

ജാര്‍ഖണ്ഡിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒരാഴ്ചയ്ക്കകം മദ്യവിതരണം ആരംഭിക്കുമെന്നും ഇരുകമ്പനികളും വ്യക്തമാക്കി. മദ്യം വീടുകളിലെത്തിക്കാന്‍ മറ്റ് സംസ്ഥാന സര്‍ക്കാറുകളോടും ചര്‍ച്ച നടത്തി വരുകയാണെന്നും സ്വിഗ്ഗി പ്രസ്താവനയിലൂടെ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് മദ്യം ഓഡര്‍ ചെയ്താല്‍ വീടുകളില്‍ എത്തിക്കുമെന്ന് എക്‌സൈസ് സെക്രട്ടറി വിനയ് കുമാര്‍ ചൗബേ പറഞ്ഞു.

സുരക്ഷിതമായി മദ്യം എത്തിക്കാന്‍ ചില കര്‍ശന മാനദണ്ഡങ്ങള്‍ സ്വിഗ്ഗി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായവും വ്യക്തിവിവരങ്ങളും തെളിയിക്കുന്നവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിക്കുകയുള്ളു. വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയും സെല്‍ഫിയും സ്വിഗ്ഗി പരിശോധിക്കും. ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ മുഖാന്തരമാണ് ഉപഭോക്താക്കള്‍ക്ക് മദ്യം വിതരണം ചെയ്യുകയെന്നും സ്വിഗ്ഗി പറഞ്ഞു.

ഇതാദ്യമായിട്ടാണ് മദ്യത്തിന് ഹോം ഡെലിവറിക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ തന്നെ ഇതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version