രാജ്യത്ത് കൊറോണ ബാധിച്ചത് ലക്ഷത്തില്‍ 7.9 പേര്‍ക്ക്, 40 ശതമാനത്തോളം പേര്‍ക്ക് രോഗമുക്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിതതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചത് ലക്ഷത്തില്‍ 7.9 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനമുള്ള ജനസംഖ്യ കണക്കിലെടുത്താല്‍ ലക്ഷത്തില്‍ 62 പേര്‍ക്കാണ് കൊറോണ ബാധിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

രാജ്യത്ത് കൊറോണ ബാധിതതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ലോകത്താകമാനം ലക്ഷത്തില്‍ 4.2 പേര്‍ക്ക് കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായി. എന്നാല്‍ ഇന്ത്യയില്‍ ലക്ഷത്തില്‍ 0.2 പേര്‍ മാത്രമാണ് മരണപ്പെട്ടതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

ആശുപത്രികളിലുള്ള 0.45 ശതമാനം രോഗികള്‍ മാത്രമേ നിലവില്‍ വെന്റിലേറ്റര്‍ സഹായത്താല്‍ ചികിത്സയിലുള്ളുവെന്നും 2.94 ശതമാനം രോഗികള്‍ ഓക്‌സിജന്‍ സഹായത്താലും മൂന്ന് ശതമാനം പേര്‍ ഐസിയു സംബന്ധമായ സഹായത്താലുമാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 39.62 ശതമാനമാണ്. ആദ്യ ലോക്ക്ഡൗണ്‍ ആരംഭിക്കുന്ന വേളയില്‍ രാജ്യത്ത് കൊറോണ മുക്തി നേടിയവരുടെ നിരക്ക് 7.1 ശതമാനം മാത്രമായിരുന്നു. രണ്ടാം ലോക്ക്ഡൗണിനിടയില്‍ ഇത് 11.42 ശതമാനമായി ഉയര്‍ന്നു.

പിന്നീട് ഇത് 26.59 ശതമാനത്തിലെത്തി. പുതിയ കണക്ക്പ്രകാരം രോഗം ഭേദമായവരുടെ നിരക്ക് 39.62 ശതമാനത്തിലേക്കെത്തിയെന്നും ആകെ രോഗികളില്‍ ഇതുവരെ 42,298 പേര്‍ രോഗമുക്തരായത് തൃപ്തികരമാണെന്നും നിലവില്‍ 61,149 പേരാണ് ചികിത്സയിലുള്ളതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.

Exit mobile version