കോൺഗ്രസ് സർക്കാരിനെ താഴെയിടാൻ കോൺഗ്രസ് എംഎൽഎമാർ ഏറെ ത്യാഗം സഹിച്ചു; സ്ഥാനാർത്ഥിത്വം നൽകുമെന്ന് മധ്യപ്രദേശ് ബിജെപി

ന്യൂഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ സഹായിച്ച മുൻ കോൺഗ്രസ് എംഎൽഎമാർക്ക് മധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകിയേക്കുമെന്ന് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയാണ് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുമെന്ന കാര്യം അറിയിച്ചത്.

കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാർ കരുത്തരായ സ്ഥാനാർത്ഥികളാണ്. അവർ കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ഏറെ ത്യാഗം സഹിച്ചവരാണെന്നും വിഡി ശർമ്മ പറഞ്ഞു. മധ്യപ്രദേശിനെ അഴിമതിയിൽ നിന്നും മോശം ഭരണത്തിൽ നിന്നും രക്ഷിക്കാൻ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും ഉപേക്ഷിച്ചവരാണവർ. സംസ്ഥാനത്തിനായി തങ്ങളേയും തങ്ങളുടെ പദവികളേയും ത്യജിച്ചവരാണ് അവരെന്ന് പറയുന്നതിൽ തെറ്റില്ല. അതുകൊണ്ട് തന്നെ അവരെല്ലാവരും സ്ഥാനാർത്ഥിത്വത്തിന് പരിഗണനയിലാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വാർത്താ ഏജൻസിയോട് പറഞ്ഞത്.

നേരത്തെ, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച് 24 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് കമൽനാഥ് സർക്കാർ താഴെ വീഴുകയായിരുന്നു. തുടർന്ന് 24 മണ്ഡലങ്ങളിലും നിർണായകമായ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നൽകുമെന്നും വിഡി ശർമ്മ പറഞ്ഞു.

ബിജെപിക്ക് അധികാരം നിലനിർത്താൻ നിർണായകമാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. ലോക്ക്ഡൗണിനിടയിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുകയാണവർ. എല്ലാ മണ്ഡലങ്ങളിലും ഓൺലൈൻ യോഗങ്ങൾ ചേരുന്നുണ്ടെന്ന് ശർമ പറഞ്ഞു. ബൂത്തുതല യോഗങ്ങളും ചേർന്നു. സാമൂഹിക അകലം പാലിച്ച് ഉടൻ തന്നെ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിക്കും. സെപ്റ്റംബറിൽ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി

Exit mobile version