മൃതദേഹങ്ങളിൽ നിന്നും കൊവിഡ് പകരില്ല; പൊതുശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുമെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

മുംബൈ: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്ന് നോവൽ കൊറോണ വൈറസ് ബാധയുണ്ടാകില്ലെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) മുംബൈ ഹൈക്കോടതിയിൽ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ബിഎംസി ഇക്കാര്യം പറയുന്നത്. കൊവിഡ് 19 ബാധിച്ച് മരിച്ചവരെ ബാന്ദ്ര കബർസ്ഥാനിൽ അടക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാന്ദ്ര നിവാസികൾ സമർപ്പിച്ച ഹർജിക്ക് മറുപടി നൽകുകയായിരുന്നു ബിഎംസി.

കൊവിഡ് 19 ബാധിച്ച് മരിച്ചവരെ ലോകാരോഗ്യ സംഘനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മറവുചെയ്യുന്നതെന്നും അധികൃതർ കോടതിയെ ബോധിപ്പിച്ചു. അതേസമയം, കൊവിഡ് 19 രോഗികളുടെ മൃതദേഹങ്ങൾ ശരിയായ രീതിയിലല്ല മറവുചെയ്യുന്നതെങ്കിൽ സാമൂഹിക വ്യാപനത്തിന് ഇടയാക്കുമെന്ന ഭയന്നാണ് ബാന്ദ്രയിലെ പ്രദീപ് ഗാന്ധി എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു സംഘം കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട മാർഗ നിർദേശങ്ങൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചതിനെ കുറിച്ചും സത്യവാങ്മൂലത്തിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. എബോള വൈറസ്, കോളറ തുടങ്ങി രക്തസ്രാവമുണ്ടാകുന്ന പനിയൊഴികെയുള്ളവ കേസുകളിൽ മൃതദേഹങ്ങൾ പൊതുവെ വൈറസ് വ്യാപനത്തിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. മാഹാമാരിയായ ഇൻഫഌവൻസ ബാധിച്ച രോഗികളുടെ ശ്വാസകോശം, പോസ്റ്റമോർട്ടത്തിനിടയിൽ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ അണുബാധയ്ക്ക് കാരണമായേക്കാം. ഇന്നുവരെ മൃതദേഹത്തിൽ നിന്ന് ഒരു വ്യക്തിക്ക് കൊവിഡ് 19 ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ ഹർജിക്കാരുടെ വാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ബാന്ദ്ര കബർസ്ഥാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നതിനായി പ്രത്യേക സ്ഥലം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ആ പ്രദേശം റെസിഡൻഷ്യൽ കോളനികളുടെ സമീപമല്ല. കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത് സമീപവാസികൾക്ക് വൈറസ് വ്യാപനത്തിനുള്ള യാതൊരു ഭീഷണിയുമുയർത്താതെ വളരെയധികം സുരക്ഷിതമായ രീതിയിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Exit mobile version