ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്; ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതർ ഒരു ലക്ഷം കടന്നതിന് പിന്നാലെ ഇന്ത്യയെ ആശങ്കപ്പെടുത്തി കണക്കുകൾ. ഏഷ്യയിൽ ഏറ്റവും വേഗതയിൽ രോഗം പടരുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോർട്ട്. 1,01,328 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേർ മരിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോൾ ഇന്ത്യയെന്നാണ് ബ്ലൂംബെർഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കിൽ 28 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.

42,125 രോഗബാധിതരും 903 മരണവും റിപ്പോർട്ട് ചെയത അയൽ രാജ്യമായ പാകിസ്താനിൽ ഇതേ കാലയളവിൽ 19 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിന്റെ തുടക്കത്തിൽ കേസുകളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപജില്ലാ തലത്തിൽ നിയന്ത്രണ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് കണ്ടെയ്ൻമെന്റ് സോണുകളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അഡീഷണൽ പ്രൊഫ.രാജ്‌മോഹൻ പാണ്ഡ പറഞ്ഞു.

Exit mobile version