ഒരു രാജ്യം, ഒരു റേഷൻ പദ്ധതി ഓഗസ്റ്റിൽ തുടങ്ങും; കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം

ന്യൂഡൽഹി: രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ കാർഡുള്ള കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ധാന്യങ്ങൾ വാങ്ങാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷൻധാന്യങ്ങൾ വാങ്ങാനുള്ള നാഷണൽ പോർട്ടബിലിറ്റി സംവിധാനം ഓഗസ്റ്റ് മാസത്തിനുള്ളിൽ നടപ്പിലാക്കും. വൺ നേഷൻ വൺ റേഷൻ എന്നാണ് ഈ പദ്ധതിയുടെ പേര്.

രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 67 കോടി ആളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. രാജ്യത്തെ 83 ശതമാനം പൊതുവിതരണകേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. 2021 മാർച്ച് മാസത്തോടെ പദ്ധതി ബാക്കി കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.

എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി/ഗോതമ്പ്, 1 കിലോഗ്രാം കടല/കുടുംബം എന്ന നിലയിലാണ് ഭക്ഷ്യധാന്യ വിതരണം. 3500 കോടി ചെലവഴിച്ച് നടത്തുന്ന പദ്ധതിയിലൂടെ 8 കോടി കുടിയേറ്റ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കാണ്. ചെലവ് കേന്ദ്രം വഹിക്കും.

Exit mobile version