ആത്മനിർഭർ ഭാരത്; പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കും: നിർമ്മല സീതാരാമൻ

Nirmala Sitharaman

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും കർഷകർക്കും നേരിട്ട് പണം ഉറപ്പാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വിശദീകരിക്കാനുള്ള വാത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തിൽ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമം. എന്നാൽ ലോകത്ത് ഒറ്റപ്പെട്ട് നിൽക്കുകയല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്വാശ്രയത്വ ഭാരതത്തിന് അഞ്ച് തൂണുകളാണ് ഉള്ളത്. സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, വ്യവസ്ഥ, ജനസഖ്യ, ആവശ്യകത ( എക്കണോമി, ഇൻഫ്രാസ്ട്രക്ചർ, സിസ്റ്റം, ഡെമോഗ്രാഫി, ഡിമാൻഡ് ) എന്നിവയാണവയെന്നും മന്ത്രി പറഞ്ഞു.

വിശദമായ ചർച്ചയ്ക്ക് ശേഷമുള്ള പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ വകുപ്പുകളുമായും ചർച്ച ചെയ്തതിന് ശേഷമുള്ള സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജാണിതെന്നും നിർമല സീതാരാമൻ പറഞ്ഞു. ഒന്നാം മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയാണ് പുതിയ പാക്കേജ്. ഇത് സമൂഹത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണ്. പ്രാദേശിക വിപണിയെ ആഗോള നിലവാരത്തിലെത്തിക്കുമെന്നും സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യ പര്യാപ്തമാകണമെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version