ഇടത്തരം, ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ;നിലവിലെ വായ്പയ്ക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം; 20000 കോടി രൂപയുടെ പദ്ധതിയും; പ്രധാനമന്ത്രിയുടെ പാക്കേജ് വിശദീകരിച്ച് ധനമന്ത്രി

ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയതോടെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്ന ഇരുപത് ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു.

ചെറുകിട-ഇടത്തരം സംരംഭകർ ഇതിനോടകം എടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതായും ധനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരംചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകും. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക.

ഈ വർഷം ഒക്ടോബർ 31 വരെ വായ്പകൾക്കായി അപേക്ഷിക്കാം. വർഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിടഇടത്തരം വ്യാപാരികൾക്ക് വായ്പയ്ക്ക് അർഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ കമ്പനികളുടെ ഈ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കും.

Exit mobile version